സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-0 സ്വന്തമാക്കി കഴിഞ്ഞു.
രണ്ട് മറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അർഷദീപ് സിംഗിനും നിതീഷ് കുമാർ റെഡ്ഡിയ്ക്കും പകരം കുൽദീപ് യാദവിനെയും പ്രസീദ് കൃഷ്ണയെയും ടീമിൽ ഉൾപ്പെടുത്തി. ഓസ്ട്രേലിയ സേവ്യർ ബാർട്ട്ലെറ്റിനു പകരം നഥാൻ എല്ലിസിനെ ടീമിൽ ഉൾപ്പെടുത്തിയാണ് കളത്തിലിറങ്ങുന്നത്.
ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് കങ്കാരുക്കൾ ഇന്ന് കളത്തിലിറങ്ങുക. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലാണ് മത്സരം. സിഡ്നിയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച റിക്കാർഡുണ്ട്.
ഒരു ദിവസത്തെ മാത്രം ഇടവേളയിലാണ് ഇന്ത്യ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരമാണ് താരങ്ങൾ സിഡ്നിയിൽ എത്തിയത്. അതുകൊണ്ടു തന്നെ പരിശീലനം ഒഴിവാക്കുകയും ചെയ്തു.
പരമ്പരയിൽ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ വിരാട് കോലിയിൽ തന്നെയാണ് എല്ലാ കണ്ണുകളും. സിഡ്നിയിൽ താരത്തിന് തിളങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ
ഓസ്ട്രേലിയ: മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.